WELCOME TO WANDOOR BLOCK PANCHAYAT
തൂഫാൻ 2.0

വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന് തുടക്കമായി

ലഹരിക്കെതിരായ പോരാട്ടം വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. 'തൂഫാൻ തദ്ദേശം – ലഹരിക്കെതിരെ ജനസേന' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് കെ.അമൃത നിർവഹിച്ചു.


വാർഡ് തലങ്ങളിൽ ജനജാഗ്രതാ സമിതികൾ രൂപീകരിച്ച് ജനപങ്കാളിത്തത്തോടെ ലഹരിമരുന്നിന്റെ വിൽപ്പനയും ഉപയോഗവും തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, സന്നദ്ധ-യുവജന സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സമിതികളുടെ പ്രവർത്തനം. ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും സമിതികൾ നേതൃത്വം നൽകും.
ഓപ്പറേഷൻ തൂഫാന്റെ ആദ്യഘട്ടത്തിൽ 117 ദിവസം കൊണ്ട് 11,677 കേസുകൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ വാർഡുകൾക്കൊപ്പം ക്യാമ്പസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ലഹരിക്കെണിയിൽ അകപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി തൂഫാൻ കെയർ പദ്ധതിയും നടപ്പാക്കും.

വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ തൂഫാൻ പതാക ഉയർത്തിയ പ്രസിഡന്റ് കെ.അമൃത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വണ്ടൂർ എസ്.എച്ച്.ഒ വികെ പ്രദീപ് രണ്ടാംഘട്ട പ്രവർത്തനങ്ങളെക്കുറിച്ചും തൂഫാൻ വാരിയർമാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദാലി പന്തലിങ്ങൽ, അംഗങ്ങളായ സിറാജ് തുള്ളിശ്ശേരി , അബ്ദുറസാഖ്, അജിത കുതിരാടത്ത് , സജിന മോൾ, ഷാനി ശ്രീധരൻ, കെഎം.പ്രസീത, ബിഡിഒ കെ.പാർവതി തുടങ്ങിയവർ പങ്കെടുത്തു.